ഉത്തർപ്രദേശിൽ സ്കൂൾ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കന്നൗജിൽ സ്കൂൾ ബസിലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി നാല് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഖ്‌നൗ–ആഗ്ര എക്‌സ്പ്രസ് വേയിൽ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.

 

ഉത്തർപ്രദേശ് :ഉത്തർപ്രദേശിലെ കന്നൗജിൽ സ്കൂൾ ബസിലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി നാല് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഖ്‌നൗ–ആഗ്ര എക്‌സ്പ്രസ് വേയിൽ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.

ആഗ്രയിലെ താജ്മഹൽ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗശാംബിയിലെ ഓറിയന്റൽ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് ശുചിമുറിയിൽ പോകുന്നതിനായി ബസ് റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം തകർന്നു. കുട്ടികൾ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. പൊലീസും എക്‌സ്പ്രസ് വേ അധികൃതരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.