ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ആറുപേർക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. ഹാപൂരിലെ ധൗലാന-ഗുലാവതി റോഡിൽ വെച്ച് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു
Apr 13, 2026, 11:30 IST
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. ഹാപൂരിലെ ധൗലാന-ഗുലാവതി റോഡിൽ വെച്ച് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ബസിലുണ്ടായിരുന്നവർ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ബസിൽ ആകെ പന്ത്രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഹാപൂർ എസ്പി ഗ്യാനഞ്ജയ് സിംഗ് അറിയിച്ചു. ഇതിൽ ഏഴുപേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്. അപകടത്തെത്തുടർന്ന് റോഡിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനായി ട്രക്ക് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.