ഭക്ഷണത്തിനും കുടിവെള്ളക്ഷാമത്തിനുമെതിരെ റോഡ് ഉപരോധിച്ച് ഉത്തർപ്രദേശിലെ വിദ്യാർഥികൾ  

 

 ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മോശം ഗുണനിലവാരമുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, അധ്യാപകരുടെ ക്ഷാമം, പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റം എന്നിവക്കെതിരെ പ്രതിഷേധിച്ചാണ് കുട്ടികൾ ബുധനാഴ്ച രാവിലെ പ്ലക്കാർഡുകളുമേന്തി മോഹൻ ക്രോസിങിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ഹസൻഗഞ്ച് തഹസീലിലെ നിയോതാനി നഗർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ സമീപ ആഴ്ചകളിൽ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന 'ജെൻ ആൽഫ' പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സമാന സ്കൂളുകളിലെ കുട്ടികൾ ലഖ്‌നൗ, ഫത്തേപ്പൂർ, ഹമീർപൂർ, കനൗജ് തുടങ്ങിയ ജില്ലകളിലും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മുൻദിവസങ്ങളിൽ തെരുവിലിറങ്ങിയിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഭരണനിർവ്വഹണ ഉദ്യോഗസ്ഥരും സാമൂഹിക ക്ഷേമ വകുപ്പ് പ്രതിനിധികളും സ്ഥലത്തെത്തി കുട്ടികളുമായി ചർച്ച നടത്തി. എന്നാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന നിലപാടിൽ കുട്ടികൾ ഉറച്ചുനിന്നു. തുടർന്ന് ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റ് ഘൻശ്യാം മീനയും എസ്.പി ജയ്പ്രകാശ് സിങും നേരിട്ട് സ്‌കൂളിലെത്തുകയും കുട്ടികൾക്കൊപ്പം രാവിലത്തെ ഭക്ഷണം കഴിക്കുകയും ചെയ്തു

കുട്ടികൾ ഉന്നയിച്ച പരാതികൾ ഉടൻ പരിഹരിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് വിദ്യാർഥികൾ സമരം അവസാനിപ്പിക്കാൻ തയാറായത്. പ്രൈമറി ക്ലാസുകൾ മുതൽ 10, 11 ക്ലാസുകൾ വരെയുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. നിലവിൽ സ്കൂളിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും കുട്ടികളുടെ പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹസൻഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശാലിനി സിങ് തോമർ അറിയിച്ചു.