ഉത്തർപ്രദേശിൽ വീടിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

ഉത്തർപ്രദേശിലെ മീററ്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും വെന്തുമരിച്ചു. ലിസാഡി ഗേറ്റ് മേഖലയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇക്ബാൽ അഹമ്മദിന്റെ വീടിന് തീപിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

 

 മീററ്റ് : ഉത്തർപ്രദേശിലെ മീററ്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും വെന്തുമരിച്ചു. ലിസാഡി ഗേറ്റ് മേഖലയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇക്ബാൽ അഹമ്മദിന്റെ വീടിന് തീപിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന സമയത്ത് ഇക്ബാലും സഹോദരനും പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു ഇക്ബാലും കുടുംബവും താമസിച്ചിരുന്നത്.

കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.