ഹലാല്‍ രേഖപ്പെടുത്തിയ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്  

കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. 
 

ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 
അതേസമയം, കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. 
ഉത്തര്‍പ്രദേശില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.  

ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.