ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ;  100 ദലിത്-ആദിവാസി സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ 'പി.ഡി.എ'

 

 ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടി. പാർട്ടിയുടെ 'പി.ഡി.എ' (പിഛ്ഡ, ദലിത്, അൽപ്സംഖ്യക്) തന്ത്രം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, തെരഞ്ഞെടുപ്പിൽ 100 ദലിത്-ആദിവാസി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ എസ്.സി സംവരണമുള്ള 84 സീറ്റുകൾക്കും എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത രണ്ട് സീറ്റുകൾക്കും പുറമെ, 14 ജനറൽ സീറ്റുകളിലും ദലിത് സ്ഥാനാർഥികളെ നിർത്താനാണ് പാർട്ടി തീരുമാനം.

സംസ്ഥാനത്ത് ബി.എസ്.പിയുടെ സ്വാധീനം ദിനംപ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സമാജ്‍വാദി പാർട്ടി തന്ത്രങ്ങൾ മെനയുന്നത്. ദലിത് വോട്ടർമാരെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്നത് തെരഞ്ഞെടുപ്പിൽ നിർണായകമാകും. 2011ലെ സെൻസസ് പ്രകാരം യു.പിയിലെ ജനസംഖ്യയുടെ 21 ശതമാനം ദലിതരാണ്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളും 22.23 ശതമാനം വോട്ട് ഷെയറും ഉണ്ടായിരുന്ന ബി.എസ്.പിക്ക്, 2022ൽ അത് വെറും ഒരു സീറ്റിലേക്കും 12.88 ശതമാനം വോട്ട് ഷെയറിലേക്കും ചുരുങ്ങിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും അത് കൂടുതൽ വഷളായി. ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് ഷെയർ 9.4 ശതമാനമായി താഴുകയും ചെയ്തു. ഇത് മുതലെടുക്കാനാണ് എസ്.പിയുടെ ശ്രമം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടെയുള്ള പൊതു സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ നിർത്തി വിജയം കൊയ്ത സമാജ്‍വാദി, അതേ മാതൃക നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് പദ്ധതി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ മത്സരിച്ച സമാജ്‍വാദി അഞ്ച് യാദവ് സ്ഥാനാർഥികളെയും നാല് മുസ്‍ലിം സ്ഥാനാർഥികളെയും മാത്രമാണ് നിർത്തിയത്. ഇവർ ഒമ്പതുപേരും വിജയിച്ചു. കൂടാതെ, മീററ്റിൽ നിന്നും അയോധ്യയിൽ നിന്നും ദലിത് സ്ഥാനാർഥികളെയും മത്സരിപ്പിച്ചു.