അമേരിക്കയുമായുള്ള പുതിയ കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രമാണ് : രാഹുൽ ഗാന്ധി
കണ്ണൂർ : കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ രാജ്യത്തിൻറെ അടിത്തറയായ കർഷകരെ തകർക്കുന്നതാണെന്നും അമേരിക്കയുമായുള്ള പുതിയ കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പേരാവൂരിൽ കർഷക സംഘടനകളുമായും കർഷകരുമായും നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ വൻകിട യന്ത്രസഹായത്തോടെ ഉൽപാദിപ്പിക്കുന്ന കാർഷികവിളകൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നത് ക്രിമിനൽ നടപടിയാണെന്നും മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇത്തരമൊരു കരാറിന് മുതിർന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാലുമാസത്തോളം വൈകിയ കരാർ ഒപ്പിടാൻ ഡോണൾഡ് ട്രംപ് ഇന്ത്യൻ ഭരണാധികാരിയെ ഭീഷണിപ്പെടുത്തിയെന്നും സ്വന്തം സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ കർഷകരെ കുരുതികൊടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ജെ.സി.ബി ഉപയോഗിച്ച് രാജ്യത്തിൻറെ അടിത്തറ തകർക്കുന്നതിന് തുല്യമാണ് ഈ പുതിയ കരാറെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ പാർലമെൻറ് ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷ നേതാവിന് നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകാൻ അവസരം നിഷേധിക്കുന്നത്. 3.5 മില്യൺ വരുന്ന എപ്സ്റ്റീൻ സീക്രട്ട് ഫയലുകൾ താൻ പുറത്തുവിടുമെന്ന് ഭയപ്പെട്ടാണ് പാർലമെൻറിൽ തൻറെ പ്രസംഗം തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.