ഉന്നാവ് പീഡനം ; അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ദില്ലിയില്‍ ഇന്നും സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധം
കുല്‍ദീപ് സിംഗ് സെംഗാറിന് വിചാരണ കോടതി വിധിച്ച ശിക്ഷ ദില്ലി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെംഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രതിഷേധം
ഉന്നാവ് പീഡന കേസിലെ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ദില്ലിയില്‍ ഇന്നും സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഇന്ത്യാ ഗേറ്റിന് മുന്നിലാണ് വനിതകളടക്കം പ്രതിഷേധിക്കുക. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെംഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രതിഷേധം. ഇന്നലെ പാര്‍ലമെന്റിന് മുന്നിലും വനിതാ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിച്ചിരുന്നു. കുല്‍ദീപ് സിംഗ് സെംഗാറിന് വിചാരണ കോടതി വിധിച്ച ശിക്ഷ ദില്ലി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പുറത്തുവിട്ടാല്‍ അതീജിവിതയുടെ ജീവന്‍ അപകടത്തിലാകുമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതിയുടെ സ്വാധീനം, നേരത്തെ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം അടക്കം ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സിബിഐ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പടക്കം ചുമത്തിയ കേസിന്റെ ഗൗരവം ദില്ലി ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സിബിഐ പറയുന്നു. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തന്റെ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉന്നാവിലെ അതിജീവിതയുടെ അമ്മ രംഗത്തെത്തി. ജാമ്യം കിട്ടിയതോടെ പേടിച്ചാണ് കുടുംബം കഴിയുന്നത്.