ആകാശത്ത് വിസ്മയം തീർത്ത് 1515 ഡ്രോണുകൾ; നവിമുംബൈയിൽ വേറിട്ടൊരു കാഴ്ച
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച്, ഡിസംബർ 24 ന് ആകാശത്ത് വിസ്മയകരമായ ഡ്രോൺ ഷോ സംഘടിപ്പിച്ചു. 1,515 ഡ്രോണുകൾ ഒരുമിച്ച് ആകാശത്ത് ഒരുക്കിയത് അതി മനോഹരമായ ദൃശ്യാവിഷ്‌കാരങ്ങളാണ്. കണ്ടു നിന്നവരെയാകെ അത്ഭുതപ്പെടുത്തിയ ഈ ഡ്രോൺ ഷോ അക്ഷരാർഥത്തിൽ ആകാശത്തെ ഒരു ക്യാൻവാസാക്കി മാറ്റുകയായിരുന്നു.
3D ചത്രങ്ങൾ, വിമാനത്താവളത്തിന്റെ ലോഗോ, ‘ഗ്രീൻ എയർപോർട്ട്’, മുംബൈയുടെ മുകളിലൂടെ പറക്കുന്ന വിമാനം, ‘റൈസ് ഓഫ് ഇന്ത്യ’ തുടങ്ങിയ വിവിധ രൂപങ്ങളാണ് ഡ്രോണുകൾ ആകാശത്ത് വരച്ചു. നൂതനമായ നിരവധി സംവിധാനങ്ങളും സാങ്കോതിക വിദ്യയും കോർത്തിണക്കിയാണ് നവിമുംബൈ എയർപ്പോർട്ട് ഒരുങ്ങുന്നത്. ഇത് വിമാനത്താവളത്തിൻ്റെ പ്രത്യേകതകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
കായികതാരങ്ങൾ, ജീവനക്കാർ തുടങ്ങിയ നിരവധിപ്പേർ ആകാശത്തിലൊരുക്കിയ അതിമനോഹര കാഴ്ചകൾ കാണാൻ എത്തിയിരുന്നു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ ഈ ഡ്രോൺ ഷോയുടെ ചിത്രങ്ങൾക്ക് വലിയ പ്രചാരമാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ നേടിയിട്ടുള്ളത്.