മഹാരാഷ്ട്രയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് ഹിന്ദുക്കളല്ലാത്തവരുടെ മേൽ 'ഹിന്ദു സിവിൽ കോഡ്' അടിച്ചേൽപ്പിക്കാനുള്ള ശ്രമം ; ഉവൈസി
മുംബൈ: മഹാരാഷ്ട്രയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് (യു.സി.സി) ഹിന്ദുക്കളല്ലാത്തവരുടെ മേൽ 'ഹിന്ദു സിവിൽ കോഡ്' അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന മഹാരാഷ്ട്രയിൽ യു.സി.സി കൊണ്ടുവരുന്നതിനെയും നടപ്പാക്കുന്നതിനെയും തന്റെ പാർട്ടി എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉവൈസി.
"ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ യു.സി.സി നടപ്പാക്കുമെന്നത് വ്യക്തമാണ്. ഈ യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുന്നത് മുസ്ലിംകളെ അവരുടെ മതം ആചരിക്കുന്നതിൽ നിന്ന് തടയാനാണ്. ഇസ്ലാമിൽ വിവാഹം ഒരു കരാറാണ്. നിങ്ങൾ ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹമോചന നിയമങ്ങളും അടിച്ചേൽപ്പിക്കുകയാണ്. ഇതെല്ലാം മുസ്ലിംകളെ ലക്ഷ്യമിടാനും അവരുടെ ഐഡന്റിറ്റി തട്ടിയെടുക്കാനുമാണ് ചെയ്യുന്നത്," ഉവൈസി പറഞ്ഞു.
യു.സി.സി പ്രകാരം വിവാഹമോചനം ഹിന്ദു വിവാഹ നിയമപ്രകാരമാണ് കണക്കാക്കുന്നതെന്നും ഒരു വർഷത്തെ നിയമപരമായ വേർപിരിയൽ നിർബന്ധമാണെന്നും ഉവൈസി പറഞ്ഞു. എന്നാൽ ഇസ്ലാം സ്ത്രീകൾക്ക് 'ഖുല' (വിവാഹമോചനം) എന്ന അവകാശം നൽകുന്നുണ്ട്. മുത്തലാഖ് ശിക്ഷാർഹമായ കുറ്റമാക്കിയതിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച് പോകുന്ന പുരുഷന്മാരുടെ കേസുകൾ വർധിച്ചു. ഇത് മുസ്ലിം സ്ത്രീകളെ ബാധിച്ചു. ഭാര്യയുണ്ടായിട്ടും ഒന്നിലധികം ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് എന്തുകൊണ്ട് യു.സി.സിയിൽ നിയമമില്ലെന്നും അദ്ദേഹം ചോദിച്ചു.