നേപ്പാളിലെ പ്രളയത്തിന് പിന്നാലെ അജ്ഞാത മത്സ്യങ്ങള്‍ ഒഴുകിയെത്തുന്നു; കഴിക്കരുതെന്ന് ബിഹാറില്‍ മുന്നറിയിപ്പ്
നേപ്പാളിലെ പ്രളയത്തിന് പിന്നാലെ അജ്ഞാത മത്സ്യങ്ങള്‍ ഒഴുകിയെത്തുന്നു; കഴിക്കരുതെന്ന് ബിഹാറില്‍ മുന്നറിയിപ്പ്
ബിഹാറിലെ ഗണ്ഡക്, കോസി നദികളിലേക്ക് ഒഴുകിയെത്തിയ മീനുകള്‍ കഴിക്കുന്നത് ജീവന് ഭീഷണിയാണെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
പ്രളയ ജലത്തോടൊപ്പം ഒഴുകിയെത്തുന്ന ഈ മീനുകള്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍, അഴുകിയ മൃതദേഹങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തില്‍ വരുന്നവയാണ്
നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിലേക്ക് അജ്ഞാത മത്സ്യങ്ങള്‍ ഒഴുകിയെത്തുന്നു. തൃശൂലി നദിയിലൂടെ ബിഹാറിലെ ഗണ്ഡക്, കോസി നദികളിലേക്ക് ഒഴുകിയെത്തിയ മീനുകള്‍ കഴിക്കുന്നത് ജീവന് ഭീഷണിയാണെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വടക്കന്‍ ബിഹാറിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള അപൂര്‍വ്വയിനം കൂറ്റന്‍ മീനുകള്‍ പ്രദേശത്ത് വന്‍തോതില്‍ എത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെ പിടികൂടി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യവും രോഗബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അജ്ഞാത മീനുകളെ പിടിക്കാനോ വില്‍ക്കാനോ കഴിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
പ്രളയ ജലത്തോടൊപ്പം ഒഴുകിയെത്തുന്ന ഈ മീനുകള്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍, അഴുകിയ മൃതദേഹങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തില്‍ വരുന്നവയാണ്. ഇവയില്‍ രോഗാണുക്കള്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ടാകുമെന്ന് ബിഹാര്‍ ഡയറി, ഫിഷറീസ് ആന്‍ഡ് അനിമല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. നേപ്പാള്‍ പൊലീസും സമാനമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ സാഹചര്യം മാറി പരിസ്ഥിതി പൂര്‍വ്വ സ്ഥിതിയിലാകുന്നതു വരെ ഇത്തരത്തിലുള്ള മീനുകള്‍ ഭക്ഷിക്കരുതെന്നാണ് ഔദ്യോഗിക നിര്‍ദേശം. മീനുകള്‍ കഴിച്ച് ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. കൂടാതെ, വന്‍തോതിലോ അപൂര്‍വ്വമായോ മീനുകളെ കണ്ടാല്‍ വിവരം ഉടന്‍ തന്നെ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണമെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.