ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
 
മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്പാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്പാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.