യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ
 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തുവിട്ടത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ 85 വിഷയങ്ങളിലായി നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ ഫലപ്രഖ്യാപനം.

ആകെ രജിസ്റ്റർ ചെയ്ത 9,93,702 ഉദ്യോഗാർത്ഥികളിൽ 7,35,614 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ ജെആർഎഫ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 5,108 പേർ വിജയിച്ചു. 54,713 പേർ അസിസ്റ്റന്റ് പ്രൊഫസർ, പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടിയപ്പോൾ 17,058 പേർ പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അർഹത നേടി. അപേക്ഷകരിൽ 58.91 ശതമാനവും (5.85 ലക്ഷം) സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. പുരുഷ വിഭാഗത്തിൽ നിന്ന് 4.08 ലക്ഷം പേരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് 57 പേരും ഈ പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നു.
പൂർണ്ണമായും സുതാര്യമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ജനുവരി പകുതിയോടെ പുറത്തിറക്കിയ താൽക്കാലിക ഉത്തരസൂചികയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച പരാതികൾ വിഷയ വിദഗ്ധർ പരിശോധിച്ച ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. യോഗ്യത നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ജെആർഎഫ് അവാർഡ് ലെറ്ററുകളും ഉടൻ തന്നെ എൻടിഎ പോർട്ടൽ വഴി ലഭ്യമാകും. ഭാവി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശമുണ്ട്.