ജമ്മു കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; സര്‍വീസ് ആയുധങ്ങള്‍ കാണാനില്ല

കിയാര്‍ ഗ്രാമത്തിലെ ക്യാംപില്‍നിന്ന് ധര്‍ണ-മര്‍വാ മേഖലയിലെ സൈനിക പോസ്റ്റിലേക്ക് ഡ്യൂട്ടിക്കായി പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്.

 

ഇരുവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ ദച്ചന്‍ മേഖലയിലെ വനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ കാണാതായ രണ്ട് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ (എസ്പിഒ) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാബി ചന്ദ് (57), രശ്പാല്‍ കുമാര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ ദച്ചന്‍ മേഖലയിലെ വനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.

കിയാര്‍ ഗ്രാമത്തിലെ ക്യാംപില്‍നിന്ന് ധര്‍ണ-മര്‍വാ മേഖലയിലെ സൈനിക പോസ്റ്റിലേക്ക് ഡ്യൂട്ടിക്കായി പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. മൃതദേഹങ്ങളില്‍ ഒന്നിലധികം വെടിയേറ്റ പാടുകളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സര്‍വീസ് ആയുധങ്ങളായ ഇന്‍സാസ് റൈഫിളും .303 റൈഫിളും കണ്ടെത്താനായിട്ടില്ല. ആയുധങ്ങള്‍ അക്രമികള്‍ കൊണ്ടുപോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സംഭവത്തില്‍ ഭീകരാക്രമണ സാധ്യതയും പരിശോധിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്തുന്നതിനായി വനമേഖലയില്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു