ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി ടിവികെ

ജനങ്ങളുടെ പ്രശ്ങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നും ടിവികെ നേതാവ് പറഞ്ഞു.

 

ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാര്‍ത്തകള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി വിജയ് യുടെ തമിഴക വെട്രി കഴകം. ടിവികെ ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി ആര്‍ നിര്‍മല്‍ കുമാര്‍ ആണ് എന്‍ഡിഎ സഖ്യവാര്‍ത്തകള്‍ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാര്‍ത്തകള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കില്‍ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിര്‍മല്‍ കുമാര്‍ ചോദിച്ചു.

ജനങ്ങളുടെ പ്രശ്ങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നും ടിവികെ നേതാവ് പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനകള്‍ മാത്രം വിശ്വസിക്കണമെന്നും നിര്‍മല്‍ കുമാര്‍ വ്യക്തമാക്കി. മാര്‍ച്ച് 13നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗം നടന്നത്. പാര്‍ട്ടിയുടെ ജയസാധ്യതകളും മറ്റുമാണ് അതില്‍ ചര്‍ച്ചയായത്. യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരാണ് സഖ്യമുണ്ടെങ്കില്‍ ജയസാധ്യത വര്‍ധിക്കും എന്ന അഭിപ്രായം മുന്‍പോട്ടുവെച്ചത്. അല്ലാതെ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല എന്നും നിര്‍മല്‍ കുമാര്‍ പറഞ്ഞു.