പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; ഭാര്യയുടേയും പത്തുവയസ്സുള്ള മകന്റേയും മുന്നില്‍ വച്ച് ക്രൂരത
ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മരിച്ച ദേബ്ദീപ് ചാറ്റര്‍ജിയുടെ (43) ഭാര്യ പിയാലി ചാറ്റര്‍ജി പറഞ്ഞു.
പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. അസന്‍സോളില്‍ 43കാരനായ ദേബ്ദീപ് ചാറ്റര്‍ജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സംഭവം തൃണമൂല്‍ ഭീകരതയാണെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭാര്യയുടെയും 10 വയസ്സുള്ള മകന്റെയും മുന്നില്‍ വെച്ചായിരുന്നു സംഭവം.
ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മരിച്ച ദേബ്ദീപ് ചാറ്റര്‍ജിയുടെ (43) ഭാര്യ പിയാലി ചാറ്റര്‍ജി പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു മോട്ടോര്‍ സൈക്കിളില്‍ ഞങ്ങളുടെ കാര്‍ ഇടിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് കാറില്‍ നിന്നിറങ്ങി സംഭവത്തിന് ക്ഷമ ചോദിച്ചു. എന്നാല്‍ യുവാക്കള്‍ വഴക്കിടാന്‍ തുടങ്ങി. ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ പ്രസെന്‍ജിത്തിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ മര്‍ദ്ദനം തുടങ്ങിയെന്നും ഞാനും മകനും കൈകള്‍ കൂപ്പി അവനെ വെറുതെ വിടാന്‍ അപേക്ഷിച്ചിട്ടും മരിക്കുന്നത് വരെ മര്‍ദ്ദിച്ചെന്നും അവര്‍ പറഞ്ഞു. ദേബ്ദീപിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.
ദേബ്ദീപിനെ ആക്രമിച്ചവര്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനിമേഷ് ദാസിന്റെ സഹായികളാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, താന്‍ സ്ഥലത്തിന് പുറത്താണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസന്‍സോള്‍ സൗത്ത് പോലീസ് ഔട്ട്പോസ്റ്റിനു മുന്നില്‍ പ്രകടനം നടത്തി.