തൃണമൂല്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും: മമതയെ വിമര്‍ശിച്ച് ടിഎംസി എം പി സുഖേന്ദു ശേഖര്‍ റോയ്
ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ മമത ബാനര്‍ജി ആളുകളെ അകറ്റിനിര്‍ത്തിയെന്നും സുഖേന്ദു കൂട്ടിച്ചേര്‍ത്തു.
ആര്‍ജി കര്‍ സംഭവം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും സുഖേന്ദു ശേഖര്‍ റോയ് ചൂണ്ടിക്കാണിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന പ്രവചനവുമായി ടിഎംസിയുടെ രാജ്യസഭാ എം പി സുഖേന്ദു ശേഖര്‍ റോയ്. ദേശീയ രാഷ്ട്രീയത്തില്‍ പോലും പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും. ഇപ്പോള്‍ ഒരു പാര്‍ട്ടിയും തൃണമൂലുമായി കൈകോര്‍ക്കില്ലെന്നും സുഖേന്ദു വ്യക്തമാക്കി എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുഖേന്ദുവിന്റെ തുറന്ന് പറച്ചില്‍. ആര്‍ജി കര്‍ സംഭവം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും സുഖേന്ദു ശേഖര്‍ റോയ് ചൂണ്ടിക്കാണിച്ചു. കുറ്റവാളികളെ സംരക്ഷിക്കാന്‍ വ്യക്തമായ ശ്രമം ഉണ്ടായിരുന്നു. അതിനായി പോലീസിനെ ഉപയോഗിച്ചു. ആര്‍ജി കര്‍ വിഷയവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ജനങ്ങളുടെ വികാരം പാര്‍ട്ടിക്കെതിരാണെന്നതിന്റെ ആദ്യ സൂചന നല്‍കിയതായും പാര്‍ട്ടി അത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സുഖേന്ദു കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതാക്കള്‍ നടത്തിയ അഴിമതിയുടെ കൊടുമുടി അചിന്തനീയമാണ്, അത് നിയന്ത്രിക്കുന്നതില്‍ മമത ബാനര്‍ജി പരാജയപ്പെട്ടുവെന്നും സുഖേന്ദു കുറ്റപ്പെടുത്തി. ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ മമത ബാനര്‍ജി ആളുകളെ അകറ്റിനിര്‍ത്തിയെന്നും സുഖേന്ദു കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം കണക്കിലെടുത്താല്‍, പരാജയം അനിവാര്യമാണെന്നും താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള എല്ലാ നേതാക്കളും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുഖേന്ദു ആവശ്യപ്പെട്ടു.