തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ; തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി  

 

 കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കിടെ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി വീണ്ടും ഉദിച്ചുയരുമെന്ന് പറഞ്ഞ മമത, മറ്റ് പാർട്ടികളിലേക്ക് പോകേണ്ടവർക്ക് പോകാനും സമ്മതം നൽകി. ആരൊക്കെ പോയാലും താൻ സംഘടന പുനർനിർമിക്കുമെന്ന് യോഗത്തിൽ മമത നിലപാടെടുത്തു. വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിലാണ് സ്ഥാനാർഥികളുമായി മമത കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയും മമതയ്ക്ക് ഒപ്പമുണ്ടായിരുന്നു.

"മറ്റ് പാർട്ടികളിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് പോകാം. ഞാൻ പാർട്ടി പുനർനിർമിക്കും. എന്നോടൊപ്പം നിൽക്കുന്നവർ, തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിച്ചു പെയിൻ്റടിച്ച് തുറക്കൂ. ആവശ്യമെങ്കിൽ അവ പെയിൻ്റടിക്കാൻ ഞാനും വരാം. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തല കുനിക്കില്ല. ജനവിധി കവരുകയാണ് ചെയ്തത്"- മമത ബാനർജി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

തൃണമൂൽ കോൺഗ്രസിനുള്ളിലെ അസംതൃപ്തരായ നേതാക്കൾ കൂടുമാറിയേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമത പാർട്ടി ടിക്കറ്റിൽ മത്സരിച്ചവരുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാളിൽ തുടർച്ചയായ മൂന്നു തവണ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന് ഇത്തവണ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റത്. 293 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പുറമേ, മുഖ്യമന്ത്രിയായിരുന്ന മമത ബാനർജി ഭവാനിപുരിൽ പരാജയപ്പെട്ടതും ഇരട്ടപ്രഹരമായി. അതേസമയം മാറ്റിവെച്ച ഫാൽട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മെയ് 21ന് നടക്കും.