തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി ആസൂത്രിതമായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

 

 ബിജെപിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി ആസൂത്രിതമായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് മമത ഒരു വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു. തന്നെയും തന്റെ പാർട്ടിയെയും പൂർണ്ണമായും നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, അതിനായി അവർക്ക് തന്നെ കൊല്ലേണ്ടി വരുമെന്നും മമത ബാനർജി തുറന്നടിച്ചു.

തനിക്കുനേരെ മാത്രമല്ല, മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി തുടങ്ങിയ നേതാക്കൾക്കെതിരെയും നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും തന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായെന്നും അവർ വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ള സഹപ്രവർത്തകരോട് പൊലീസ് വളരെ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും മമത കുറ്റപ്പെടുത്തി.

തടവിലാക്കപ്പെട്ടവരെ നിലത്ത് കിടത്തുകയും കയറിൽ കെട്ടി വലിക്കുകയും ചെയ്തതിനൊപ്പം, ചിലരുടെ തല മുണ്ഡനം ചെയ്യുകയും ദുർഗന്ധമുള്ള വസ്തുക്കൾ എറിയുകയും ചെയ്തത് ലജ്ജാകരമായ നടപടിയാണെന്ന് അവർ പറഞ്ഞു. ബംഗാളിന്റെ സംസ്കാരത്തിന് തീർത്തും വിരുദ്ധമായ ഇത്തരം പ്രവർത്തികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, തങ്ങൾ 15 വർഷം അധികാരത്തിലിരുന്നിട്ടും പൊലീസിനെ ഉപയോഗിച്ച് ഒരിക്കലും ഇത്തരം ക്രൂരതകൾ ചെയ്യിച്ചിട്ടില്ലെന്നും മമത ഓർമ്മിപ്പിച്ചു. ഇതിനു പുറമെ, സർക്കാർ സ്കൂളുകളിലെ മിഡ് ഡേ മീൽ സ്കീമിൽ മുട്ടയ്ക്ക് പകരം പച്ചക്കറി മാത്രം ഉൾപ്പെടുത്താനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തെയും മമത ബാനർജി രൂക്ഷമായി വിമർശിച്ചു.