റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകി ; പാമ്പുകടിയേറ്റ 13 കാരിയ്ക്ക് ദാരുണാന്ത്യം
തമിഴ്നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകള്‍ കസ്തൂരിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പാമ്പ് കടിച്ചത്.
ആശുപത്രിയിലെത്തും മുമ്പ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു
ആശുപത്രിയിലെത്തിക്കാന്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകി പാമ്പു കടിയേറ്റ കൗമാരക്കാരിക്ക് ദാരുണാന്ത്യം. ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങിയത്.
വട്ടുവനഹള്ളിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. തുടര്‍ന്ന് എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തമിഴ്നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകള്‍ കസ്തൂരിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പാമ്പ് കടിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേല്‍ക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ വീട്ടുകാരും ഗ്രാമവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ചുമന്ന് എട്ടു കിലോമീറ്റര്‍ താണ്ടി സീങ്കഡു ഗ്രാമത്തിലെ വാഹനം കയറാവുന്ന സ്ഥലത്തെത്തിക്കാന്‍ ശ്രമിച്ചു. കുന്നിറങ്ങാന്‍ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തില്‍ പലരും ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.