രാജ്യത്തെ ട്രെയിൻ യാത്രികർക്ക് സന്തോഷ വാർത്ത ; പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ
ഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രികർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ സേവനം ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഘട്ടംഘട്ടമായി മാറ്റി പകരം അത്യാധുനിക സംവിധാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഈ വരുന്ന ഓഗസ്റ്റ് മാസം മുതൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
1986-ലാണ് ഇന്ത്യൻ റെയിൽവേയിൽ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ നാല് ദശാബ്ദങ്ങൾക്കിടയിൽ പല സാങ്കേതിക മാറ്റങ്ങളിലൂടെയും ഈ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് 2002-ൽ ഇന്റർനെറ്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചതോടെ ടിക്കറ്റ് വിതരണ രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടായത്. നിലവിൽ രാജ്യത്തെ 88 ശതമാനം ടിക്കറ്റ് ബുക്കിംഗും ഓൺലൈൻ വഴിയാണ് നടക്കുന്നത്. റെയിൽവേയുടെ എല്ലാ സേവനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘റെയിൽ വൺ’ ആപ്പിന് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
‘റെയിൽ വൺ’ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ സാധിക്കും. ഈ സംവിധാനത്തിന്റെ കൃത്യത 53 ശതമാനത്തിൽ നിന്ന് 94 ശതമാനമായി ഉയർത്താൻ റെയിൽവേയ്ക്ക് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗിന് പുറമേ ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട്, അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം ഈ ഒരൊറ്റ ആപ്പ് വഴി സാധ്യമാകും. കൂടാതെ വെയ്റ്റിംഗ് ലിസ്റ്റിന്റെ തത്സമയ വിവരങ്ങൾ, ട്രെയിൻ സമയക്രമം, ലൈവ് ലൊക്കേഷൻ, പ്ലാറ്റ്‌ഫോം വിവരങ്ങൾ, കോച്ച് പൊസിഷനുകൾ എന്നിവയും യാത്രക്കാർക്ക് ഇതിലൂടെ വിരൽത്തുമ്പിൽ അറിയാം.
ഓരോ ദിവസവും ശരാശരി 9.29 ലക്ഷം ടിക്കറ്റുകളാണ് റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യപ്പെടുന്നത്. ഇതിൽ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളുമാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 3.16 കോടി തവണയും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് 33.17 ലക്ഷം തവണയും ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ നവീകരണം ടിക്കറ്റ് ബുക്കിംഗ് വേളയിലെ സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. പുതിയ മാറ്റങ്ങൾക്ക് മുന്നോടിയായി കൃത്യമായ പരിശോധനകളും ഏകോപനവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.