റാലിയിൽ വിപണിക്ക് 11,000 കോടി നഷ്ടമായെന്ന് വ്യാപാരികൾ; കടകൾ അടപ്പിച്ചത് ഭരണകൂടമെന്ന് രാഹുൽ

ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലി മൂലം ദീപാവലി സീസണിൽ വിപണിയിൽ 11,000 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായതായി വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). ഉത്സവ സീസണായതിനാൽ സമരം മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾക്ക് 100-ലധികം വ്യാപാരി അസോസിയേഷനുകൾ മുമ്പ് കത്തയച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് റാലി സംഘടിപ്പിച്ചതെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ആരോപിച്ചു. രാംലീല മൈതാനത്തിന് ചുറ്റുമുള്ള ചാന്ദ്‌നി ചൗക്ക്, കനോട്ട് പ്ലേസ്, കരോൾ ബാഗ് അടക്കമുള്ള പ്രധാന വിപണികളിലെ രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നതിലൂടെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

 

 ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലി മൂലം ദീപാവലി സീസണിൽ വിപണിയിൽ 11,000 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായതായി വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). ഉത്സവ സീസണായതിനാൽ സമരം മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾക്ക് 100-ലധികം വ്യാപാരി അസോസിയേഷനുകൾ മുമ്പ് കത്തയച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് റാലി സംഘടിപ്പിച്ചതെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ആരോപിച്ചു. രാംലീല മൈതാനത്തിന് ചുറ്റുമുള്ള ചാന്ദ്‌നി ചൗക്ക്, കനോട്ട് പ്ലേസ്, കരോൾ ബാഗ് അടക്കമുള്ള പ്രധാന വിപണികളിലെ രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നതിലൂടെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്. കൂടാതെ ഗതാഗത തടസ്സം മൂലം ചരക്കുനീക്കം നിലയ്ക്കുകയും ഹോട്ടൽ ബുക്കിംഗുകൾ റദ്ദാവുകയും ചെയ്തതിനൊപ്പം ലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികൾക്ക് അന്നത്തെ ദിവസക്കൂലി നഷ്ടപ്പെടുകയും ചെയ്തു.

എന്നാൽ, വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന് കേന്ദ്ര ഭരണകൂടവും ബിജെപിയുമാണ് ഉത്തരവാദികളെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. റാലിക്കെത്തുന്ന പ്രവർത്തകരോട് പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ ജനങ്ങൾ വിപണിയിലെത്തുന്നത് തടയാനും സമരം തകർക്കാനും ലക്ഷ്യമിട്ട് ബിജെപി ഭരണകൂടം കനോട്ട് പ്ലേസ് അടക്കമുള്ള കേന്ദ്രങ്ങളിലെ മുഴുവൻ കടകളും നിർബന്ധപൂർവ്വം അടപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.