'കാലം കാത്തിരുന്നു മറുപടി നല്‍കും'; ടിവികെ നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രജനീകാന്ത്
'കാലം കാത്തിരുന്നു മറുപടി നല്‍കും'; ടിവികെ നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രജനീകാന്ത്
ശക്തമായ പ്രതികരണമാണ് പലകോണുകളില്‍ നിന്നും ഉണ്ടായത്.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അര്‍ജുന ആരോപിച്ചത്.
നടന്‍ വിജയ് നയിക്കുന്ന ടിവികെയുടെ നേതാവ് തന്നെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. 'സമയം സംസാരിക്കില്ല, പക്ഷേ കാത്തിരുന്നു മറുപടി നല്‍കും' എന്നാണ് രജനിയുടെ പ്രതികരണം. ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയക്കാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
വന്‍ ആരാധകവൃന്ദമുള്ള രജനീകാന്ത് രാഷ്ട്രീയ വിവാദത്തിന് ഇരയായത് ടിവികെ ജനറല്‍ സെക്രട്ടറിയായ ആദവ് അര്‍ജുന നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അര്‍ജുന ആരോപിച്ചത്. ടിവികെ നേതാവായ വിജയ്യുടെ മനോവീര്യത്തെ പുകഴ്ത്താന്‍ ആദവ് അര്‍ജുന നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ ശക്തമായ പ്രതികരണമാണ് പലകോണുകളില്‍ നിന്നും ഉണ്ടായത്.
'തികച്ചും അപലപനീയമാണ്' ആദവ് അര്‍ജുന നടത്തിയ പരാമര്‍ശമെന്നാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചത്. വിവാദമായതോടെ ആദവ് ക്ഷമ ചോദിച്ചിട്ടുണ്ട്.