രാജ്യത്ത് 2020-നും 2021-നും ഇടയിൽ ചത്തത് 88 കടുവകൾ
ന്യൂഡൽഹി: രാജ്യത്ത് 2020-നും 2021-നും ഇടയിലുണ്ടായ കടുവ മരണങ്ങളിൽ ദുരൂഹത. രണ്ട് വർഷത്തിനിടെ 88 കടുവകൾ ചത്തതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. മരണങ്ങളുടെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.
രാജ്യത്തെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നതാണ് പുറത്തുവന്ന പുതിയ കണക്കുകൾ. സാധാരണയായി വാർദ്ധക്യ സഹജമായ കാരണങ്ങളോ, ഇരപിടിയന്മാർ തമ്മിലുള്ള ഏറ്റുമുട്ടലോ മൂലമാണ് കടുവകൾ ചാവുന്നത്.
എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ 88 കേസുകളിൽ സ്വാഭാവിക മരണമാണോ അതോ വേട്ടയാടൽ പോലുള്ള അസ്വാഭാവിക കാരണങ്ങളാണോ ഉള്ളതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങലിനാണ് കടുവ മരണങ്ങൾ കൂടുതലായി കാണപ്പെട്ടത്
മരണകാരണങ്ങൾ കണ്ടെത്താനായി എൻടിസിഎ അന്വേഷണം തുടരുകയാണെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവം തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയിലെ കടുവ സങ്കേതങ്ങളിലെ സുരക്ഷയെക്കുറിച്ചും നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾക്ക് ഈ വിവരാവകാശ രേഖകൾ തുടക്കമിട്ടിരിക്കുകയാണ്. വന്യജീവി സംരക്ഷണ രംഗത്തെ വിദഗ്ധർ ഈ ദുരൂഹത നീക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.