അമ്മാവന് കളിക്കാന് നല്കിയ തോക്കില് നിന്ന് വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് കേസെടുത്ത് അമ്മാവന് രാജേഷ് കുമാറിനായി അന്വേഷണം ആരംഭിച്ചു
ഝാര്ഖണ്ഡിലെ ബൊക്കാറോയിലുള്ള മരഫാരി പൊലീസ് സ്റ്റേഷന് അതിര്ത്തിയിലാണ് സംഭവം.
ജാര്ഖണ്ഡിലെ ബൊക്കാറോ ജില്ലയില് കളിക്കുന്നതിനിടെ തോക്കില് നിന്ന് അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസ്സുകാരന് മരിച്ചു. അമ്മാവന് കളിക്കാന് നല്കിയ തോക്കില് നിന്ന് വെടിയേറ്റാണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചത്. മൂന്ന് വയസ്സുകാരനായ സാഹില് രാം ആണ് മരിച്ചത്. ഝാര്ഖണ്ഡിലെ ബൊക്കാറോയിലുള്ള മരഫാരി പൊലീസ് സ്റ്റേഷന് അതിര്ത്തിയിലാണ് സംഭവം. ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയിലേക്ക് അമ്മാവന് തോക്ക് വച്ചുനല്കുകയായിരുന്നു. ഇത് കളിപ്പാട്ടമാണെന്ന് കരുതി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്മാര് സ്ഥിരീകരിച്ചു.
കുട്ടിയുടെ മാതാവ് ശോഭ ദേവിയുടെ മൊഴി പ്രകാരം, അവരുടെ സഹോദരന് രാജേഷ് കുമാര് (21) വീട്ടിലെത്തിയപ്പോള് കുട്ടി ചോക്ലേറ്റ് ചോദിച്ചിരുന്നു. എന്നാല് ചോക്ലേറ്റിന് പകരം അമ്മാവന് കൈവശമുണ്ടായിരുന്ന പിസ്റ്റള് കളിപ്പാട്ടമാണെന്ന് പറഞ്ഞ് കുട്ടിക്ക് നല്കുകയായിരുന്നു. തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടുകയും കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയുമായിരുന്നു. ഉടന് തന്നെ കുട്ടി ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് കേസെടുത്ത് അമ്മാവന് രാജേഷ് കുമാറിനായി അന്വേഷണം ആരംഭിച്ചു. ഒളിവില് പോയ പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില് തിരച്ചില് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ രാജേഷ് തോക്കുമായി മുങ്ങുകയായിരുന്നു. ഉപയോഗിച്ച തോക്കിന് ലൈസന്സ് ഉണ്ടോയെന്നും കൂടുതല് വിവരങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.