മൂന്ന് നില വീട്, രണ്ട് ഫ്‌ലാറ്റ് , കാറും ഓട്ടോറിക്ഷകളും ; യാചകന്റെ സമ്പാദ്യം കണ്ട് ഞെട്ടി മുനിസിപ്പാലിറ്റി അധികൃതര്‍

 

സമീപത്തെ മാര്‍ക്കറ്റിലെ ചിലര്‍ക്ക് ഇയാള്‍ പണം കടം നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന പലിശയും ഇയാള്‍ക്ക് വരുമാനമായുണ്ട്.

 

ഭിക്ഷക്കാരെ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനകള്‍ക്കിടെയാണ് അധികൃതര്‍ മന്‍കിലാലിനെ കണ്ടെത്തിയത്

ഭിക്ഷക്കാരെ ഒഴിപ്പിക്കാനായുള്ള ദൗത്യത്തിനിടയില്‍ കോടീശ്വരനായ ഭിക്ഷക്കാരനെ കണ്ടെത്തി ഇന്‍ഡോര്‍ മുനിസിപ്പാലിറ്റി അധികൃതര്‍. ഒരു വീടും രണ്ട് ഫ്‌ളാറ്റും കാറും മൂന്ന് ഓട്ടോറിക്ഷയുമുള്ളയാളെയാണ് മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തിയത്. മന്‍കിലാല്‍ എന്നാണ് ഇയാളുടെ പേര്. അറുപത് വയസാണ് പ്രായം.

ഭിക്ഷക്കാരെ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനകള്‍ക്കിടെയാണ് അധികൃതര്‍ മന്‍കിലാലിനെ കണ്ടെത്തിയത്. റോഡരികില്‍ ഒരു ചെറിയ ചക്രവണ്ടിയിലായിരുന്നു ഇയാള്‍ ഭിക്ഷ യാചിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് മന്‍കിലാല്‍. ഇയാള്‍ക്ക് ഭഗത് സിങ് നഗറില്‍ മൂന്ന് നില വീടും, അല്‍വാസ, ശിവ് നഗര്‍ മേഖലകളില്‍ രണ്ട് ഫ്‌ലാറ്റുകളും ഉണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരനായതിനാല്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഒറ്റമുറി ഫ്‌ലാറ്റും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഒരു സ്വിഫ്റ്റ് കാറും, മൂന്ന് ഓട്ടോറിക്ഷകളും ഇയാള്‍ക്കുണ്ട്. ഇതെല്ലം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ സമീപത്തെ മാര്‍ക്കറ്റിലെ ചിലര്‍ക്ക് ഇയാള്‍ പണം കടം നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന പലിശയും ഇയാള്‍ക്ക് വരുമാനമായുണ്ട്.
മന്‍കിലാലിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും അധികൃതര്‍ പരിശോധിച്ചുവരികയാണ്. ഇത്രയും സമ്പാദ്യം ഉള്ളയാള്‍ക്ക് എങ്ങനെയാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീട് ലഭിച്ചത് എന്നതും അന്വേഷിക്കുന്നുണ്ട്.