കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാനെത്തിയത് ആയിരങ്ങള്‍ ; റെയില്‍വേ സ്റ്റേഷന്‍ നിറഞ്ഞു ; ട്രെയ്‌നില്‍ കയറി പറ്റിയത് എമര്‍ജന്‍സി വിന്‍ഡോയിലൂടെ

മൂന്ന് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായി നടക്കുന്ന ഈ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ 1.16 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്

 

ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റേഷനുകളിലേക്ക് എത്തിയതോടെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്കും യാത്രാ ക്ലേശവുമാണ്.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ ഇടമില്ല. കംപാര്‍ട്ട്‌മെന്റിലേക്ക് എമര്‍ജന്‍സി വിന്‍ഡോയിലൂടെ കയറാന്‍ ശ്രമിച്ച് യാത്രക്കാര്‍. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാന്‍ എത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റേഷനുകളിലേക്ക് എത്തിയതോടെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്കും യാത്രാ ക്ലേശവുമാണ്. പ്രധാന വാതിലുകളിലൂടെ അകത്ത് കയറാന്‍ സാധിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ എമര്‍ജന്‍സി വിന്‍ഡോയിലൂടെ അകത്ത് കടന്നത്. ഗോരഖ്പൂര്‍, വാരാണസി, കാണ്‍പൂര്‍, ആഗ്ര, ജൗണ്‍പൂര്‍ തുടങ്ങിയ വിവിധ ജില്ലകളിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ടി വന്ന പല ഉദ്യോഗാര്‍ത്ഥികളും പ്ലാറ്റ്ഫോമുകളില്‍ ഷീറ്റുകളും പ്ലാസ്റ്റിക് പായകളും വിരിച്ചാണ് വിശ്രമിച്ചത്. പ്രധാന പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ ഗോരഖ്പൂരില്‍, പരീക്ഷയ്ക്ക് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ റെയില്‍വേ സ്റ്റേഷനിലാണ് ചെലവഴിച്ചത്.

കടുത്ത ചൂടിനോട് പോരാടിയും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനായി നീണ്ട ക്യൂവില്‍ നിന്നുമാണ് പലരും പരീക്ഷാ ഷിഫ്റ്റുകള്‍ക്കായി കാത്തിരുന്നത്. മൂന്ന് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായി നടക്കുന്ന ഈ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ 1.16 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്