ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല- ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഭാരതം എല്ലാവര്‍ക്കും പാരമ്പര്യമായി അഭയം നല്‍കുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവിഭാഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. നമ്മള്‍ എല്ലാവരെയും സംരക്ഷിക്കണം.

ഹിന്ദുരാഷ്ട്ര സങ്കല്‍പം എന്നാല്‍ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കില്‍ അയാള്‍ യഥാര്‍ഥ ഹിന്ദു ആയിരിക്കില്ല. അതല്ല ഹിന്ദുത്വം. നിങ്ങള്‍ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വണ്‍ വേള്‍ഡ്, വണ്‍ ഹ്യൂമാനിറ്റി(ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. നമ്മള്‍ എല്ലാവരെയും സംരക്ഷിക്കണം. ഇന്ത്യയില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ ജീവിച്ചുവരുന്നു. ഭാരതം എല്ലാവര്‍ക്കും പാരമ്പര്യമായി അഭയം നല്‍കുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവിഭാഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.