ഇത് അവസാന യാത്രയാണ്, വിട ; ലൈവിനിടെ ഡിവൈഡറിലേക്ക് വാഹനം ഇടിച്ചുകയറ്റി വ്ലോഗര്‍ ; നില ഗുരുതരം
അനുരാഗിനെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഏഴു മില്യണിലധികം ഫോളോവേഴ്സുള്ള മോട്ടോവ്ലോഗര്‍ അനുരാഗ് ഭോഭാല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ബിഗ് ബോസ് 17 ലൂടെ രാജ്യമെങ്ങും സുപരിചിതനായ അനുരാഗ് ഇന്‍സ്റ്റഗ്രാം ലൈവിനിടെ വേഗത്തില്‍ ഓടിച്ച് കാര്‍ മനപൂര്‍വ്വം ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉടനെ അനുരാഗിനെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്ലോഗറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡല്‍ഹി മീററ്റ് എക്സ്പ്രസ്വേയില്‍ എസ്യുവിയില്‍ 150 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കവേയാണ് അനുരാഗ് ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയത്. അടുത്ത ജന്മത്തില്‍ വരുമ്പോള്‍ അമ്മ എനിക്ക് സ്നേഹം നല്‍കണം. എനിക്ക് സ്നേഹം അത്രമേല്‍ ആവശ്യമായിരുന്നുവെന്ന് അനുരാഗ് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 82000 ത്തോളം ആളുകളാണ് ലൈവ് സ്ട്രീം കണ്ടത്. ഇത് അവസാനത്തെ യാത്രയാണ് വിട എന്നു പറഞ്ഞ് സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിച്ചതോടെ വാഹനം മീഡിയന്‍ ബാരിയറുകളില്‍ ഇടിച്ചു തകരുകയായിരുന്നു.
മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു നേരത്തെ അദ്ദേഹം ആരോപിച്ചത്. മാതാപിതാക്കളുടെ കാലുപിടിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും ബന്ധുക്കളുടെ മുന്നില്‍ വച്ച് അപമാനിക്കപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഞങ്ങള്‍ സന്തോഷിക്കില്ല, നിങ്ങളേയും സന്തോഷിക്കാന്‍ അനുവദിക്കില്ല എന്ന് അച്ഛനും അമ്മയും പറഞ്ഞതായി അനുരാഗ് വീഡിയോയില്‍ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ചു പോയത് അനുരാഗിനെ വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു.