തിരുപ്പരങ്കുണ്‍ട്രം ദീപം തെളിക്കല്‍ വിവാദം ;ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് എംകെ സ്റ്റാലിന്‍
എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.
രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു
തിരുപ്പരങ്കുണ്‍ട്രം ദീപം തെളിയിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. വികസനമാണെങ്കില്‍ മധുരക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.
നാലര വര്‍ഷത്തില്‍ മൂവായിരത്തില്‍ അധികം ക്ഷേത്രങ്ങള്‍ ഡിഎംകെ സര്‍ക്കാര്‍ നവീകരിച്ചു. അങ്ങനെയുള്ള സര്‍ക്കാരിനെ കുറിച്ച് നുണ പ്രചരിപ്പിച്ചാല്‍ യഥാര്‍ത്ഥ ഭക്തര്‍ അംഗീകരിക്കില്ല. പെരിയാര്‍ തെളിച്ച സമത്വത്തിന്റെ ദീപം തമിഴ്‌നാട്ടില്‍ എന്നും ജ്വലിക്കും. സമാധാനം തെരഞ്ഞെടുത്ത മധുരയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിക്കല്‍ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റിയിരുന്നു. ദര്‍ഗയ്ക്ക് സമീപം ദീപം തെളിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നല്‍കിയ അപ്പീലില്‍ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.