വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു'; ഞാന്‍ ഇന്ത്യന്‍ പൗരനാണ്, പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ആഞ്ഞടിച്ച് ധ്രുവ് റാഠി
വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു'; ഞാന്‍ ഇന്ത്യന്‍ പൗരനാണ്, പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ആഞ്ഞടിച്ച് ധ്രുവ് റാഠി
ഒരു കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെ വലിച്ചിഴച്ചാണ് മുറിയില്‍ നിന്ന് താഴേക്ക് കൊണ്ടുപോയതെന്നും ശരീരമാസകലം പരിക്കേറ്റുവെന്നും ധ്രുവ് റാഠി പറഞ്ഞു.
സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദില്ലി പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ധ്രുവ് റാഠി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഇരുപതോളം ആളുകള്‍ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പെരുമാറിയതെന്നും ധ്രുവ് റാഠി പറഞ്ഞു. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് പാസ്‌പോട്ട് ഉയര്‍ത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു. സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ധ്രുവ് റാഠി പറയുന്നു.
എത്തിയത് പൊലീസുകാരല്ലായിരുന്നു. സാധാരണ വസ്ത്രം ധരിച്ച ആളുകളായിരുന്നു. താന്‍ പ്രതികരിക്കും മുമ്പ് തന്നെ അക്ഷരാര്‍ത്ഥത്തില്‍ തട്ടിക്കൊണ്ടുപോയി. ഇതൊരു അറസ്റ്റോ തടങ്കലോ അല്ലാത്തതിനാലാണ് 'തട്ടിക്കൊണ്ടുപോയി' എന്ന വാക്ക് ഉപയോഗിക്കുന്നത്. പൊലീസുകാര്‍ യൂണിഫോമില്‍ എത്തിയിരുന്നെങ്കില്‍ സന്തോഷത്തോടെ പോകുമായിരുന്നു. അതാണ് നിയമപരമായ അറസ്റ്റ്. വീടിന് പുറത്ത് അമ്പതിലധികം ഗുണ്ടകള്‍ തമ്പടിച്ചിരുന്നതായി അറിഞ്ഞുവെന്നും ധ്രുവ് റാഠി വീഡിയോയില്‍ വ്യക്തമാക്കി
ഒരു കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെ വലിച്ചിഴച്ചാണ് മുറിയില്‍ നിന്ന് താഴേക്ക് കൊണ്ടുപോയതെന്നും ശരീരമാസകലം പരിക്കേറ്റുവെന്നും ധ്രുവ് റാഠി പറഞ്ഞു. ചെരിപ്പ് ധരിക്കാന്‍ പോലും അവസരം നല്‍കിയില്ല. പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ലെന്നും ധ്രുവ് റാഠി ആരോപിച്ചു. തന്റെ അറസ്റ്റിനെയും തടങ്കലിനെയും ന്യായീകരിക്കാന്‍ താന്‍ വിദേശ പാസ്പോര്‍ട്ട് ഉള്ളയാളാണെന്ന പ്രചാരണം തികച്ചും അസത്യമാണ്. താന്‍ ഒരു ഇന്ത്യന്‍ പൗരനാണ്, ഏതൊരു സാധാരണ പൗരനുമുള്ള അവകാശങ്ങളും തനിക്കുമുണ്ടെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.
ജനാധിപത്യ രാജ്യങ്ങളില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും നരേന്ദ്ര മോദി രാജ്യത്തെ ഏകാധിപത്യ രാജ്യമാക്കി മാറ്റിയെന്നും ധ്രുവ് റാഠി വിമര്‍ശിച്ചു. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇത്തരം കാര്യങ്ങള്‍ അടിയന്തരാവസ്ഥയിലോ ഉത്തര കൊറിയയിലോ ആണ് നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അത് നമ്മുടെ രാജ്യത്തും നടക്കുന്നു. ജനങ്ങളെ എത്രത്തോളം അടിച്ചമര്‍ത്തുന്നുവോ അത്രയും ശക്തമായി അവരുടെ ശബ്ദം ഉയര്‍ന്നുവരും. എത്രയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും ധ്രുവ് റാഠി പറഞ്ഞു.
നിലവില്‍ താന്‍ സുരക്ഷിതനാണെന്ന് പറഞ്ഞ ധ്രുവ് റാഠി, വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ തന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വീടിന് ചുറ്റും പതിനഞ്ചോളം ആളുകളെ വിട്ടിട്ടുണ്ടെന്നും അപ്രഖ്യാപിത വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും ആരോപിച്ചു.