'സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല'; നിലപാടിലുറച്ച് ഇന്ത്യ

വെള്ളത്തിന്മേലുള്ള പാകിസ്താന്റെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇന്ത്യ സ്വീകരിക്കരുതെന്ന് ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

 

'സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒരു മാറ്റവുമില്ല,'

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യം പറഞ്ഞത്. 'സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒരു മാറ്റവുമില്ല,' കരാറിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

വെള്ളത്തിന്മേലുള്ള പാകിസ്താന്റെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇന്ത്യ സ്വീകരിക്കരുതെന്ന് ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും കരാര്‍ റദ്ദാക്കിയെന്നും പാകിസ്താനുള്ള വെള്ളത്തിന്റെ വിഹിതത്തില്‍ കുറവുവരുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താന് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും തങ്ങളുടെ 'റെഡ് ലൈന്‍' (മറികടക്കാന്‍ പാടില്ലാത്ത അതിര്‍വരമ്പ്) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.