'നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദപ്രകടനമോ അനുശോചനമോ ഇല്ല'; യുഎസിനെതിരെ ശശി തരൂര്‍ എംപി

യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല.

 

'അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാന്‍ വായിച്ചത്

യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതില്‍ ഇല്ലെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

'അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാന്‍ വായിച്ചത്. നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു?'- ശശി തരൂര്‍ ചോദിച്ചു.

നിയമങ്ങള്‍ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാര്‍ഗങ്ങളിലൂടെ തടയാന്‍ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂര്‍ ചോദിച്ചു. സിവിലിയന്‍ ജീവനക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എന്‍ജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയില്ലേ? ഈ നിര്‍ണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യന്‍ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോള്‍ അമേരിക്കന്‍ മിസൈലുകള്‍ക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം മാര്‍ക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.