കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകള്‍ മാറിയേക്കും

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍ നിന്ന് കെ സുരേന്ദ്രനാണ് ഇടംപിടിച്ച പുതിയ മുഖം.

 

ബിജെപി ട്രഷറര്‍ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയല്‍ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന.

ബിജെപി പുന:സംഘടന നടന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹം ശക്തമാകുന്നു. ബിജെപി ട്രഷറര്‍ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയല്‍ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലേക്കും പിയുഷ് ഗോയലിനെ പരിഗണിച്ചേക്കും. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പേരും പാര്‍ലമെന്ററി ബോര്‍ഡിലേക്ക് ആലോചിക്കുന്നു. ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. നിര്‍മ്മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, അശ്വിനി വൈഷ്ണവ്, തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം.


ഇന്നലെയാണ് ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍ നിന്ന് കെ സുരേന്ദ്രനാണ് ഇടംപിടിച്ച പുതിയ മുഖം. സുരേന്ദ്രന് ദേശീയ സെക്രട്ടറി സ്ഥാനമാണ് ലഭിച്ചത്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മന്‍സൂര്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എല്‍ സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോര്‍ച്ച അധ്യക്ഷന്‍.