പിണക്കം അവസാനിപ്പിച്ച് താക്കറെ സഹോദരന്മാര്‍ ഒന്നിക്കുന്നു

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടായേക്കും.

 

മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും കൈകൊടുക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പിണക്കം അവസാനിപ്പിച്ച് താക്കറെ സഹോദരന്മാര്‍ കൈകൊടുക്കുന്നു. മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും കൈകൊടുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടായേക്കും.

ജനുവരി 15നാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസുമായി സഖ്യമില്ലാതെയാണ് താക്കറെമാര്‍ മത്സരിക്കുക. കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയുമില്ലെന്നും എന്നാല്‍ ശത്രുത ഉണ്ടാകാതെയിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഉദ്ധവ് ശിവേസന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാജ് താക്കറെയുടെ കാര്യത്തില്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആവശ്യമെങ്കില്‍ ഉദ്ധവ് സേനയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ പോലും തയ്യാറാണെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരില്‍ നിന്ന് തങ്ങള്‍ ഇപ്പോഴും അകന്നുനിന്നിട്ടുണ്ടെന്നും ആ അകലം തുടര്‍ന്നും തങ്ങള്‍ നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.