രാജ്യവ്യാപക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ മുന്നണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തു ഹര്‍ജി സമര്‍പ്പിച്ചത്.

 

രാജ്യവ്യാപക എസ്‌ഐആറില്‍ ക്രമക്കേടുകള്‍ ഉണ്ട് എന്ന് ആരോപിച്ചാണ് ഹര്‍ജി

രാജ്യവ്യാപക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ മുന്നണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. രാജ്യവ്യാപക എസ്‌ഐആറില്‍ ക്രമക്കേടുകള്‍ ഉണ്ട് എന്ന് ആരോപിച്ചാണ് ഹര്‍ജി. ജന്തര്‍മന്തറിനെ പ്രതിഷേധ ഇടത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളും ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തു ഹര്‍ജി സമര്‍പ്പിച്ചത്.

എസ് ഐ ആറുമായി ബന്ധപ്പെട്ട ഹര്‍ജികളും ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികളും സമയബന്ധിതമായി തീര്‍പ്പാക്കണം എന്ന് ആവശ്യവും ഇന്ത്യ മുന്നണി നേതാക്കള്‍ രജിസ്ട്രാറെ കണ്ട് അറിയിച്ചിരുന്നു. അതിനിടെ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാത്തൂര്‍ സുപ്രീം കോടതിയില്‍ മറുപടി നല്‍കി. ഇന്റര്‍നെറ്റ് നിയന്ത്രണം പൊതുസമാധാനം ഉറപ്പാക്കാനെന്ന് കേന്ദ്രം മറുപടി നല്‍കി. റെയ്സീന ഹില്‍സിന് ചുറ്റും 4 കിലോമീറ്റര്‍ പരിധിയില്‍ മാത്രമാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോടതിയുടെ നിര്‍ദേശങ്ങള്‍ മനഃപൂര്‍വമോ ബോധപൂര്‍വമോ ലംഘിച്ചിട്ടില്ലെന്ന് വിശദീകരണം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷയും സമര്‍പ്പിച്ചു.