ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം ;  രാജ്യ വ്യാപക ജയ് ഹിന്ദ് റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രം അവകാശപ്പെട്ടതല്ല. അത് രാജ്യത്തെ എല്ലാവര്‍ക്കുമുളളതാണ്

 

എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ചോദിക്കും'-ജയ്റാം രമേശ് 

ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ രാജ്യവ്യാപക ജയ് ഹിന്ദ് റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റാലി നടത്തുമെന്നും പ്രധാനപ്പെട്ട നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രം അവകാശപ്പെട്ടതല്ല. അത് രാജ്യത്തെ എല്ലാവര്‍ക്കുമുളളതാണ്. ജയ് ഹിന്ദ് സഭകളില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തും. എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ചോദിക്കും'-ജയ്റാം രമേശ് പറഞ്ഞു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.