ബൈക്ക് ഓടിക്കുന്നതിനിടെ പട്ടത്തിന്‍റെ ചരട് കുടുങ്ങി; മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തില്‍നിന്ന് തെറിച്ചുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം.

 

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍നിന്ന് ഒരു കൈകൊണ്ട് നൂല്‍ മാറ്റാൻ റഹാൻ ശ്രമിച്ചു. ഇതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയുമായിരുന്നു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തില്‍നിന്ന് തെറിച്ചുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം.സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് മേല്‍പ്പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഏകദേശം 70 അടി ഉയരമുള്ള പാലത്തില്‍നിന്ന് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.

റഹാൻ എന്ന യുവാവ്, ഭാര്യ റഹാന, ഏഴുവയസ്സുകാരി മകള്‍ ഐഷ എന്നിവരാണ് മരിച്ചത്. റഹാനും മകള്‍ ഐഷയും വീണ ഉടൻ തന്നെ സംഭവസ്ഥലത്തുവെച്ച്‌ മരിച്ചു. പാലത്തിന് താഴെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് റഹാന വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റഹാൻ. മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്ബോള്‍ പട്ടം പറത്താൻ ഉപയോഗിക്കുന്ന നൂല്‍ (മാഞ്ച) റഹാന്റെ ശരീരത്തില്‍ ചുറ്റുകയായിരുന്നു. റഹാന ഇത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ, ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍നിന്ന് ഒരു കൈകൊണ്ട് നൂല്‍ മാറ്റാൻ റഹാൻ ശ്രമിച്ചു. ഇതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയുമായിരുന്നു. ഇടിച്ച ആഘാതത്തില്‍ മൂന്നുപേരും പാലത്തിന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.