'പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് ഭീകരര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടാകും'; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണമുണ്ടായത്.

 

'ഓപ്പറേഷന്‍ സിന്ദൂര്‍ നമ്മുടെ സൈനികരാണ് ചെയ്തത്, പക്ഷേ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ മത്സരമുണ്ട്. നമ്മുടെ പ്രധാനമന്ത്രി അതില്‍ മുന്‍പന്തിയിലാണ്', അദ്ദേഹം പറഞ്ഞു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ആറ് ഭീകരരെ പിടികൂടാത്തതില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് ഭീകരരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതുകൊണ്ടാണ് അവരെ പിടികൂടാത്തത്. ഒരുപക്ഷേ, ഒരു ദിവസം ആ ആറുപേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ബിജെപി ഓഫീസില്‍ നിന്ന് ഒരു പത്രക്കുറിപ്പ് ലഭിക്കുമെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു.

'ഓപ്പറേഷന്‍ സിന്ദൂര്‍ നമ്മുടെ സൈനികരാണ് ചെയ്തത്, പക്ഷേ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ മത്സരമുണ്ട്. നമ്മുടെ പ്രധാനമന്ത്രി അതില്‍ മുന്‍പന്തിയിലാണ്', അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു കത്ത് സമര്‍പ്പിക്കുമെന്നും ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇത് തികച്ചും പരിഹാസ്യമായ പ്രസ്താവനയാണെന്നും സായുധ സേനയെ അപമാനിക്കുന്നതാണെന്നുമായിരുന്നു ഒരു വാര്‍ത്താ ചാനലില്‍ സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിജെപി നേതാവ് രാം കദം പറഞ്ഞത്.

ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണമുണ്ടായത്. മറുപടിയായി മെയ് 7-നായിരുന്നു പാകിസ്താന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ പാകിസ്താന്‍ ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും ഉപയോ?ഗിച്ച് ആക്രമണം നടത്തുകയായിരുന്നു.