പോക്‌സോ കേസുകളിലെ പ്രതിയും വ്യവസായിയുമായ ആര്‍ വീരമണിയുടെ മകളുടെ വിദേശയാത്ര പൊലീസ് തടഞ്ഞു

സിങ്കപ്പൂര്‍ വിമാനത്തില്‍നിന്ന് അര്‍ച്ചനയെ ഇറക്കിയത്. ഇതുകാരണം വിമാനം പത്തുമിനിറ്റിലേറെ വൈകി 2.32നാണ് ചെന്നൈയില്‍നിന്ന് പുറപ്പെട്ടത്.

 


ചെന്നൈ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അര്‍ച്ചന വീരമണി സിങ്കപ്പൂരിലേക്ക് യാത്രതിരിക്കാനിരുന്നത്.

പോക്‌സോ കേസുകളിലെ പ്രതിയും ഗ്രാനൈറ്റ് വ്യവസായിയുമായ ആര്‍ വീരമണിയുടെ മകളുടെ വിദേശയാത്ര പൊലീസ് തടഞ്ഞു. ചെന്നൈയില്‍നിന്ന് സിങ്കപ്പൂരിലേക്ക് പോകാന്‍ ശ്രമിച്ച വീരമണിയുടെ മകള്‍ അര്‍ച്ചന വീരമണിയുടെ യാത്രയാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. വിമാനത്താവളത്തിലെത്തിയ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അര്‍ച്ചനയെ വിമാനത്തില്‍നിന്ന് ഇറക്കുകയായിരുന്നു.


ചെന്നൈ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അര്‍ച്ചന വീരമണി സിങ്കപ്പൂരിലേക്ക് യാത്രതിരിക്കാനിരുന്നത്. എന്നാല്‍, വിവരമറിഞ്ഞ് എസ്‌ഐടി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്നാണ് സിങ്കപ്പൂര്‍ വിമാനത്തില്‍നിന്ന് അര്‍ച്ചനയെ ഇറക്കിയത്. ഇതുകാരണം വിമാനം പത്തുമിനിറ്റിലേറെ വൈകി 2.32നാണ് ചെന്നൈയില്‍നിന്ന് പുറപ്പെട്ടത്.

വിമാനത്തില്‍നിന്ന് ഇറക്കിയ അര്‍ച്ചന വീരമണിയെ വിമാനത്താവളത്തില്‍വെച്ച് തന്നെ എസ്‌ഐടി ചോദ്യംചെയ്തു. ശേഷം പൊലീസ് വാഹനത്തില്‍ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോവുകയായിരുന്നു.
വീരമണിക്കെതിരായ പോക്‌സോ കേസുകളില്‍ എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് മകളുടെ വി?ദേശയാത്ര അന്വേഷണസംഘം തടഞ്ഞിരിക്കുന്നത്. ഇതുവരെ ഏഴ് പോക്‌സോ കേസുകളാണ് വീരമണിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 പെണ്‍കുട്ടികളാണ് ഇതുവരെ പ്രതിക്കെതിരേ പൊലീസിന് മൊഴി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനാണ് തമിഴ്‌നാട്ടിലെ പ്രമുഖ ?ഗ്രാനൈറ്റ് വ്യവസായിയായ വീരമണി അറസ്റ്റിലായത്. വീരമണി പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീരമണിക്ക് ഒത്താശചെയ്തുനല്‍കിയ കൂട്ടാളികളായ ശാന്തിയെയും ഇവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയ മൂന്ന് ഡ്രൈവര്‍മാരും പിടിയിലായി. ഇവരെല്ലാം ജയിലിലാണ്.