ബോട്ട് അപകടത്തിലെതെന്ന പേരില്‍ പ്രചരിക്കുന്ന ദുരന്ത ചിത്രം വ്യാജം
പ്രചരിക്കുന്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ ചിത്രത്തിന് ബര്‍ഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബല്‍പൂര്‍ കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.
മധ്യപ്രദേശിലെ ജബല്‍പൂര്‍ ബര്‍ഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്റെ ഇരകളുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ബര്‍ഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബല്‍പൂര്‍ കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.
പ്രചരിക്കുന്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബല്‍പൂര്‍ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു.
അപകടത്തില്‍പ്പെട്ട വിനോദസഞ്ചാര ബോട്ടില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാന്‍ വ്യാജ വാര്‍ത്തകള്‍ കാരണമാകുന്നുണ്ട്. ദുരന്തസമയങ്ങളില്‍ വൈകാരികമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ജബല്‍പൂര്‍ ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.