ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം ; ക്ഷമ ചോദിച്ച് കാഡ്ബറി

ഡയറി മില്‍ക്ക് വാങ്ങിയതിനെ പറ്റി കൂടുതല്‍ വിവരങ്ങളും യുവാവിനോട് ആവശ്യപ്പെട്ടു
 

ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മില്‍ക്കിലാണ് പുഴുവിനെ കണ്ടെത്തിയത്. ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ ബാറില്‍ ഇഴയുന്ന ജീവനുള്ള പുഴുവിന്റെ വീഡിയോയും യുവാവ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.
'ഇന്ന് രത്‌നദീപ് മെട്രോ അമീര്‍പേട്ടില്‍ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റില്‍ ഇഴയുന്ന ഒരു പുഴുവിനെ കണ്ടെത്തി. കാലഹരണപ്പെടാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോ? പൊതുജനാരോഗ്യ അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?' എന്ന അടികുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.

പോസ്റ്റ് ഉടന്‍ വൈറലാകുകയും കാഡ്ബറി അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പലരും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കാഡ്ബറി പോസ്റ്റിനോട് പ്രതികരിച്ചത്. ഡയറി മില്‍ക്ക് വാങ്ങിയതിനെ പറ്റി കൂടുതല്‍ വിവരങ്ങളും യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിന് സംഭവിച്ച ദുരനുഭവത്തിന് ഖേദം പ്രകടിപ്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.