രണ്ടാം വിവാഹം കഴിച്ചതിലുള്ള പക; മൂന്നുമാസം ഗര്‍ഭിണിയായ മുൻഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
രണ്ടാമത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നുമാസം ഗർഭിണിയായ മുൻഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബുധനാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് ദാരുണ സംഭവം നടന്നത്.
സുനിതയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറിയ മഹേഷ്, സുനിത നിന്ന മുറി അകത്തുനിന്ന് പൂട്ടുകയും കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു
ഹൈദരാബാദ്: രണ്ടാമത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നുമാസം ഗർഭിണിയായ മുൻഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബുധനാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് ദാരുണ സംഭവം നടന്നത്. വനസ്ഥലിപുരത്തെ ഗ്രീൻ സിറ്റി ഫ്ളാറ്റില്‍ താമസിക്കുന്ന സുനിത (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മുൻഭർത്താവ് ദേവരകൊണ്ട മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സുനിതയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറിയ മഹേഷ്, സുനിത നിന്ന മുറി അകത്തുനിന്ന് പൂട്ടുകയും കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സുനിതയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുനിതയെയാണ് കണ്ടത്. ഈ സമയം പ്രതി ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളായ ഇരുവരും 2022ലാണ് വിവാഹിതരായത്. തുടർന്ന് കാനഡയിലേക്ക് താമസം മാറിയെങ്കിലും അവിടെവച്ച് ബന്ധം വഷളായി. മഹേഷിനെതിരെ സുനിത ഗാർഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2024ല്‍ ഇവർ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു.
അമ്മയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ മഹേഷിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് തടയുകയും പാസ്‌പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. കേസ് നിലവിലുള്ളതിനാല്‍ ഇയാള്‍ക്ക് തിരികെ കാനഡയിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
2025 തുടക്കത്തില്‍ സുനിത മറ്റൊരു വിവാഹം കഴിച്ച് വനസ്ഥലിപുരത്ത് താമസം തുടങ്ങിയിരുന്നു. തനിക്ക് കാനഡയിലേക്ക് പോകാൻ കഴിയാത്തതും സുനിത മറ്റൊരു ജീവിതം തുടങ്ങിയതിലുള്ള പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശുചിമുറിയുടെ വാതില്‍ തകർത്താണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.