മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം'; തേജസ്വി യാദവ്

ജനപ്രീതിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന ശ്രമങ്ങള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
 

മുസ്ലിം എംഎല്‍എമാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിനുള്ള ഇടവേള നിര്‍ത്തലാക്കിയ അസം സര്‍ക്കാര്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്. മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനപ്രീതിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന ശ്രമങ്ങള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി ഇതൊക്കെ ചെയ്യുന്നത് തരംതാഴ്ന്ന ജനപ്രീതിക്ക് വേണ്ടി മാത്രമാണ്. അദ്ദേഹം ആരാണ്? അദ്ദേഹത്തിന് തരംതാഴ്ന്ന ജനപ്രീതി മാത്രമാണ് വേണ്ടത്. ബിജെപി മുസ്ലിം വിഭാഗത്തെ ഉന്നം വെക്കുകയാണ്. അവര്‍ മുസ്ലിം വിഭാഗത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലക്ഷ്യംവെക്കുകയാണ്. സ്വാതന്ത്യസമരകാലത്ത് മുസ്ലിം വിഭാഗക്കാരും അവരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്, തേജസ്വി പറഞ്ഞു.
വെള്ളിയാഴ്ച സ്പീക്കര്‍ ബിശ്വജിത് ദൗമറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മുസ്ലിം എംഎല്‍എമാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അനുവദിക്കുന്ന നിലപാട് അസം സര്‍ക്കാര്‍ തിരുത്തിയത്. മറ്റ് നിയമസഭാംഗങ്ങളുടെ പിന്തുണയോടെ ഏകകണ്ഠമായ തീരുമാനമാണെന്നായിരുന്നു വാദം.