പൗരത്വം തെളിയിക്കാൻ ജനങ്ങളിൽ നിന്ന് രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന 'പുറന്തള്ളൽ രാഷ്ട്രീയം' ; ജസ്റ്റിസ് ധൂലിയ
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികളിലെ പൗരത്വ രേഖകളുമായി ബന്ധപ്പെട്ട നിബന്ധനകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ.
ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികളിലെ പൗരത്വ രേഖകളുമായി ബന്ധപ്പെട്ട നിബന്ധനകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ. പൗരത്വം തെളിയിക്കാൻ ജനങ്ങളിൽ നിന്ന് രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന 'പുറന്തള്ളൽ രാഷ്ട്രീയ'മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപിൽ സിബലുമായുള്ള 'ദിൽ സേ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ നടപടിക്രമങ്ങൾ പൗരന്മാരുടെ മേൽ അന്യായമായ ബാധ്യത അടിച്ചേൽപ്പിക്കുകയാണെന്നും, ഇത് വോട്ടവകാശം എന്ന മൗലികാവകാശത്തെ അപകടത്തിലാക്കുന്നുവെന്നും ജസ്റ്റിസ് ധൂലിയ വാദിച്ചു. പൗരത്വം തെളിയിക്കുന്നതിന് പാസ്‌പോർട്ട് ഒരു സാധുവായ രേഖയാണോ എന്നതിനെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ശക്തമായ തർക്കങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ വന്നിരിക്കുന്നത്.
ഭരണഘടനാ നിർമാണ വേളയിൽ ഇങ്ങനെയൊരു സമീപനം ഭരണഘടനാ ശില്പികൾ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമപരമായ മുൻവിധി പൗരത്വത്തിന് അനുകൂലമായിരിക്കണമെന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളില്ലാത്തതിന്റെ പേരിൽ പൗരത്വമോ വോട്ടവകാശമോ നിഷേധിക്കരുത്. ‘നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, നിങ്ങൾ ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല, മറിച്ച് ഒരാൾ പൗരനല്ലെന്ന് തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്,’ ധൂലിയ വ്യക്തമാക്കി.
എല്ലാ സർക്കാർ നയങ്ങളും പൗരന്മാർക്കെല്ലാം പ്രയോജനകരമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലോ അല്ലെങ്കിൽ ശക്തമായ കാരണങ്ങളില്ലാതെയോ ഒരാളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.