ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കി ടെക്സ്റ്റൈല്‍ ഉടമ

വലിയ വെള്ളി താലത്തില്‍ കറന്‍സി നോട്ടുകള്‍ നിരത്തിയാണ് ബോണസ് കൈമാറിയത്.

 

തന്റെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, സ്വന്തം കുടുംബാംഗങ്ങളായാണ് കാണുന്നതെന്ന് രാംസ്വരൂപ് പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈല്‍ ഉടമ. തന്റെ സ്ഥാപനത്തിലെ 20 ജീവനക്കാര്‍ക്കാണ് അദ്ദേഹം വന്‍തുക ബോണസായി നല്‍കിയത്. സാധാരണയായി കമ്പനികള്‍ ദീപാവലിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നല്‍കുകയാണ് പതിവ്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് രാംസ്വരൂപ് മുണ്ടെയെന്ന ഈ വ്യാപാരി. തന്റെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, സ്വന്തം കുടുംബാംഗങ്ങളായാണ് കാണുന്നതെന്ന് രാംസ്വരൂപ് പറഞ്ഞു.

വലിയ വെള്ളി താലത്തില്‍ കറന്‍സി നോട്ടുകള്‍ നിരത്തിയാണ് ബോണസ് കൈമാറിയത്. ജീവനക്കാരുടെ ഭാര്യമാരാണ് അവര്‍ക്ക് സമ്മാനത്തുക നല്‍കിയത്. അപ്രതീക്ഷിത സമ്മാനത്തില്‍ പല ജീവനക്കാരും വികാരാധീനരാവുകയും കണ്ണീരണിഞ്ഞ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സാമ്പത്തിക ആശങ്കകളില്ലാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജീവനക്കാര്‍ക്ക് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യമെന്നും രാംസ്വരൂപ് പറഞ്ഞു. ബോണസ് വിതരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപാരിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരമൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്.