ഭീകരാക്രമണ ഭീഷണി; ഡൽഹി വിമാനത്താവള പരിസരത്ത് ഡ്രോണുകൾക്കും പാരാഗ്ലൈഡിങ്ങിനും 60 ദിവസത്തെ നിരോധനം
ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ ഡ്രോൺ, പാരാഗ്ലൈഡിങ് തുടങ്ങിയവയ്ക്ക് പൊലീസ് വിലക്കേർപ്പെടുത്തി. 60 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലം സബ്-ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രദീപ് കുമാർ മീണയാണ് ഇതുസംബന്ധിച്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
Nov 20, 2026, 17:58 IST
ന്യൂഡൽഹി: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ ഡ്രോൺ, പാരാഗ്ലൈഡിങ് തുടങ്ങിയവയ്ക്ക് പൊലീസ് വിലക്കേർപ്പെടുത്തി. 60 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലം സബ്-ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രദീപ് കുമാർ മീണയാണ് ഇതുസംബന്ധിച്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
നവംബർ 18 മുതൽ 2027 ജനുവരി 16 വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക. ഡ്രോണുകൾ, പാരാഗ്ലൈഡിങ് തുടങ്ങിയവ വഴി വിവിധ ഭീകരസംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് പൊലീസിന്റെ അടിയന്തര നടപടി. നിയന്ത്രണ കാലയളവിൽ പൊതുജനങ്ങൾ വിമാനത്താവള പരിസരത്ത് ഡ്രോണുകളും സമാനമായ ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് കമ്മീഷണർ കർശന നിർദേശം നൽകി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 223-ാം വകുപ്പ് പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.