എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചെന്ന് മെസേജ്, പണം കിട്ടിയുമില്ല ; ഉപഭോക്താവിന് 3.28 ലക്ഷം രൂപ ബാങ്ക് നല്‍കണം

2017 ഫെബ്രുവരി 18നായിരുന്നു സംഭവം. ജിതേഷ് കുമാര്‍ ഗാന്ധി എന്നയാള്‍ക്കായിരുന്നു ദുരനുഭവം ഉണ്ടായത്.

 

എടിഎം എസ്ബിഐയുടേതാണെന്നും പണമിടപാട് നടന്നത് വിജയകരമായാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഓഫ് ബറോഡ വാദിച്ചത്.

ഒമ്പത് വര്‍ഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നല്‍കണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
2017 ഫെബ്രുവരി 18നായിരുന്നു സംഭവം. ജിതേഷ് കുമാര്‍ ഗാന്ധി എന്നയാള്‍ക്കായിരുന്നു ദുരനുഭവം ഉണ്ടായത്. ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ തന്റെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കാന്‍ എസ്ബിഐ എടിഎമ്മില്‍ കയറിയതായിരുന്നു ജിതേഷ് കുമാര്‍. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായെന്ന് സന്ദേശം വന്നെങ്കിലും എടിഎമ്മില്‍ നിന്ന് പണമോ റെസീപ്‌റ്റോ ലഭിച്ചില്ല. പണമിടപാടിന് പിന്നാലെ ഗാന്ധി നിരവധി തവണ മെയിലുകളിലൂടെ അടക്കം ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ഡംബല്‍ ശാഖയിലും എസ്ബിഐയുടെ ഉധ്‌ന ശാഖയിലും പരാതിയും നല്‍കി. എന്നാല്‍ കൃത്യമായ മറുപടി ലഭിച്ചില്ല.
എടിഎം എസ്ബിഐയുടേതാണെന്നും പണമിടപാട് നടന്നത് വിജയകരമായാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഓഫ് ബറോഡ വാദിച്ചത്. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഗാന്ധി പണം സ്വീകരിച്ചുവെന്നത് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഫെബ്രുവരി 26നാണ് വിധി വന്നത്. പതിനായിരം രൂപ റീഫണ്ട് ചെയ്യണമെന്ന് മാത്രമല്ല, ഒരു വര്‍ഷം 9 ശതമാനം പലിശ സഹിതം നല്‍കുന്നതിന് പുറമേ, ഈ പണം നല്‍കാന്‍ വൈകിയ ഓരോ ദിവസത്തിന് 100രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്. ഇതിനൊപ്പം ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 3000രൂപയും കോടതി ചെലവുകള്‍ക്കായി 2000രൂപയും നല്‍കാന്‍ വിധിയില്‍ പറയുന്നു.
എടിഎം ഇടപാടില്‍ ഉപഭോക്താവിന് പണം ലഭിക്കാത്ത പക്ഷം അഞ്ച് ദിവസത്തിനുള്ളില്‍ അത് തിരികെ നല്‍കണമെന്ന ആര്‍ബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.