ഊട്ടിയില്‍ താപനില പൂജ്യത്തിനും താഴെ

ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 രേഖപ്പെടുത്തിയിരിക്കുന്നത്.

 

സഞ്ചാരികളുടെ ഒഴുക്കാണ് ഊട്ടിയിലേക്ക്.

ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതോടെ മഞ്ഞു പെയ്യുന്നത് കാണാനും തണുപ്പ് ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്കാണ് ഊട്ടിയിലേക്ക്. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 രേഖപ്പെടുത്തിയിരിക്കുന്നത്.

അസഹ്യമായ തണുപ്പെത്തിയതോടെ ഗ്രാമപ്രദേശങ്ങളില്‍ എല്ലാം ആളുകള്‍ നേരത്തെ തന്നെ വീടണയുകയാണ്. മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെ ഊട്ടി നഗരത്തിലടക്കം ഹിമകണങ്ങള്‍ പെയ്തിറങ്ങുന്നുണ്ട്. കാണാം. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച രൂക്ഷമായിരിക്കുന്നത്. ഈ കാഴ്ച്ച ആസ്വദിക്കുന്നതിനായി മലയാളികള്‍ അടക്കം ധാരാളം പേരാണ് തലൈകുന്തയിലെത്തുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് പോലും കടുത്ത തണുപ്പിനെയും അവഗണിച്ച് സഞ്ചാരികള്‍ ഇവിടങ്ങളിലെത്തുന്നുണ്ട്.