ചോദ്യപേപ്പർ ചോർത്തുന്നവരെയല്ല, സാധാരണ ഉപയോക്താക്കളെയാണ് ബാധിക്കുക ; ടെലഗ്രാം നിയന്ത്രണത്തിൽ ടെലഗ്രാം സി.ഇ.ഒ പാവൽ ഡുറോവ്

 നീറ്റ് യു.ജി പുനപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസ്സേജിങ്ങ് ആപ്പായ ടെലഗ്രാം ഇന്ത്യയിൽ ബാൻ ചെയ്ത സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാവൽ ഡുറോവ്.

 

 നീറ്റ് യു.ജി പുനപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസ്സേജിങ്ങ് ആപ്പായ ടെലഗ്രാം ഇന്ത്യയിൽ ബാൻ ചെയ്ത സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാവൽ ഡുറോവ്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന നിയന്ത്രണം ചോദ്യപേപ്പർ ചോർത്തുന്നവരെയല്ല, മറിച്ച് സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുകയെന്ന് പാവൽ ഡുറോവ് പറഞ്ഞു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിൻറെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ഈ നടപടി ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

നീറ്റ് യു.ജി പരീക്ഷക്ക് മുന്നോടിയായി ഇന്ത്യയിലുടനീളം ടെലഗ്രാമിൻറെ ആക്സസ് ജൂൺ 22 വരെ നിയന്ത്രിക്കാൻ ഐ.ടി മന്ത്രാലയം ഉത്തരവിട്ടു. ജൂൺ 21നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എൻ.ടി.എ മുമ്പ് നടത്തിയ നീറ്റ് യു.ജി പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നത് ടെലഗ്രാം വഴിയാണെന്നതു കൂടി കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കാൻ ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കകൾ വീണ്ടും ഉയർന്നതോടെയാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എന്ന് അവകാശപ്പെടുന്ന വ്യാജ പ്രചാരണങ്ങളും സജീവമായിരുന്നു.

നേരത്തേ, വിദ്യാഭ്യാസ മന്ത്രാലയവും എൻ.ടി.എയും വ്യാജ ടെലഗ്രാം ചാനലുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. ടെലഗ്രാമിലെ സന്ദേശങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർന്നതിൻറെ വ്യാജ ‘തെളിവുകൾ’ സൃഷ്ടിക്കപ്പെട്ടതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ചില ടെലഗ്രാം ഫീച്ചറുകൾ ജൂൺ 30 വരെ നിയന്ത്രിക്കാനുള്ള തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാരിൻറെ തീരുമാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഈ നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തെയും സാധാരണ ഉപയോക്താക്കളെയും ബാധിക്കുമെന്നതാണ് പ്രധാന വിമർശനം.